ന്യൂഡൽഹി: ഒരേ സ്ഥാപനത്തിൽ സമാനമായ ജോലി ചെയ്യുന്നുണ്ടെന്ന ഒറ്റക്കാരണംകൊണ്ടു മാത്രം എല്ലാവർക്കും തുല്യശമ്പളം നൽകാനാകില്ലെന്ന് സുപ്രീംകോടതി.
ജീവനക്കാരുടെ യോഗ്യത, മുൻപരിചയം, ജോലിയിൽ പ്രവേശിച്ച രീതി തുടങ്ങിയ കാര്യങ്ങൾക്കൂടി പരിഗണിച്ചേ ശമ്പളകാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂവെന്നും ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, ഷീൽ നാഗു എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
കേരളത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ നേരിട്ടു നിയമനം ലഭിച്ച ജൂനിയർ വിഭാഗം ഹയർ സെക്കൻഡറി അധ്യാപകർ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സ്ഥലംമാറ്റം വഴിയോ സ്ഥാനക്കയറ്റം വഴിയോ നിയമിക്കപ്പെട്ട ഹയർ സെക്കൻഡറി അധ്യാപകർക്കു ലഭിക്കുന്ന അതേ ശമ്പളസ്കെയിൽ നേരിട്ടു നിയമിക്കപ്പെട്ടവർക്കും നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
വിദ്യാഭ്യാസയോഗ്യത, സേവനപരിചയം തുടങ്ങി നിരവധി കാര്യങ്ങൾ ശമ്പളസ്കെയിൽ തീരുമാനിക്കുന്നതിന് ഘടകങ്ങളാണെന്നു നിരീക്ഷിച്ച കോടതി വിഷയത്തിൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി ശരിവച്ചു.